2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മെറി ബുക്സ് / നോവൽ / സമാന്തരം / മനോജ് രാമത്ത്

'സമ''അന്തര'മല്ല സമാന്തരത്തിന്


'കഥയല്ല വാസ്തവമാണെഴുതുന്നത് ' എന്ന് വായനക്കാരന് ബോധ്യമാകുന്നിടത്താണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്.
'കാലാന്തരത്തിൽ പ്രതാപം നഷ്ടപ്പെട്ട ഒരു പാരലൽ കോളേജി'ൻ്റെ ജീവിത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സമാന്തരങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ നമ്മുടെ ധാരണകൾക്ക് അപ്പുറത്താ
ണെന്ന് വാസുവിലൂടെയും കുഞ്ഞിക്കണ്ണനിലൂടെയും സീ.ജി യിലൂടെയും മറ്റനേക സന്ദർഭങ്ങളിലൂടെയും വെളിച്ചപ്പെടുത്തിയിട്ടുണ്ട്.
വിജയിച്ചവൻ്റെ കൂടെയായിരുന്നല്ലോ ചരിത്രങ്ങൾ !ഹൈദരലിയും ടിപ്പുവും അലക്സാണ്ടറും ബാലചന്ദ്രൻ മാഷിൻ്റെ ചരിത്ര ക്ലാസുകളിൽ നിറയുമ്പോൾ, ചരിത്രം 'വിജയിച്ചവൻ്റെ കൂടെ 'യായിരുന്നു.  പരാജയപ്പെട്ടവൻ്റെ കൂടെയും ചരിത്രമുണ്ടെന്ന് 'ന്യുമെൻസ്'കോളേജ് അനുഭവങ്ങളിലൂടെ എതിർവായന നടത്തുകയാണ് സമാന്തരങ്ങളിലൂടെ മനോജ് രാമത്ത്. 
കൽപ്പറ്റമാഷ് പറഞ്ഞപോലെ 'മനോജ് രാമത്തല്ല മനോജ് 'ഗ്രാമത്ത് '
എന്നതാണ് എഴുത്തുകാരന് ഉചിതമായ പേര് .'ഇതൊരു വെറും വാക്കായല്ല എനിയ്ക്ക് തോന്നിയത് നാട്ടുഭാഷ പൂത്തിറങ്ങുന്ന ആഖ്യാന മികവിൽ നാടിൻ്റെ ഗ്രാമീണ സംസ്കൃതി എത്ര വിദഗ്ധമായാണ് എഴുത്തുകാരൻ ഒളിപ്പിച്ചു കടത്തുന്നത് ?! 'മാഷേ തെങ്ങ് കേര്യാ അതിൻ്റെ പിറ്റേന്ന് പൈശ ഞാനിങ്ങ് കൊണ്ടത്തരും' , 'ഊയി മാഷായിനും'!,'ഓനെ ഞാനുടെ ഏൽപ്പിക്യാ' തുടങ്ങിയ അനേകം സന്ദർഭങ്ങളിലൊക്കെയും നിഷ്കളങ്കത ,വിശ്വാസം, സത്യസന്ധത തുടങ്ങിയ മാനവീക മൂല്യങ്ങൾതെളിയുന്ന ഗ്രാമീണ വിശുദ്ധങ്ങളായ കഥാപാത്രങ്ങളെ നമുക്ക്  കണ്ടു മുട്ടേണ്ടി വരുന്നുണ്ട്.


ഞാറ്റുപാട്ടുണരുന്ന ഗ്രാമീണ പുലരികൾ, പെയ്ത് തോരുന്ന മഴകൾ, നിഴലുകൾ ,നിലാവുകൾ, ചൂളം വിളിക്കുന്ന കാറ്റുകൾ കഥയിൽ കഥാപാത്രങ്ങളെപ്പോലെ സാന്നിധ്യമറിയിക്കുന്നുണ്ട്.

 .'ഓടിവീണ 'ജീവിതത്തിനെ സഹാനുഭൂതിയോടെ കാണുന്ന ബാലചന്ദ്രനേയും വാസുവിനേയും സുധാമണിയേയും തുമ്പപ്പൂവിൻ്റെ വെൺമയോടും തുളസിച്ചെടിയുടെ നന്മയോടുമല്ലാതെ മറ്റെന്തിനോടാണ് താരതമ്യം ചെയ്യുക? വിവിധങ്ങളായ ശബ്ദങ്ങളെ ഏകോപിപ്പിക്കുകയല്ല ഉത്പാദിപ്പിക്കുകയാണ് നോവലിലുടനീളം. തോറ്റവരിലുടെ ചേർന്ന് കിട്ടിയ അനുഭവങ്ങളും അറിവും ആണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ഊർജം എന്ന് പറയുന്ന ബസ് ജീവനക്കാരനായ പുർവ്വ വിദ്യാർത്ഥി ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ഏൽപ്പിക്കുന്ന പൊതി തുറന്നപ്പോൾ മനസ്സ് /കണ്ണ് നിറയുന്നത് ബാലചന്ദ്രന് മാത്രമല്ല. 
  സ്നേഹം മറക്കാനുള്ളതല്ല ഓർക്കാനും ഓർത്ത് വേദനിക്കാനുമുള്ളതാണെന്ന പാരമ്പര്യ സങ്കൽപ്പത്തെ തൻ്റെ ജീവിതാവസ്ഥയിലൂടെ ഉന്മൂലനം ചെയ്യുന്ന വാസു,
അനുഭവത്തിൻ്റെ ഉമിത്തീയിൽ ഉരുകിയൊലിച്ച് തീക്ഷണ സ്വരൂപം പ്രാപിക്കുന്നത് നമുക്ക് കാണാം.

വരികളെ അമ്പരിപ്പിക്കുന്ന സത്യസന്ധത, കരൾ പിളരുന്ന വാക്കിൻ്റെ അടക്കിയൊതുക്കിയ നിശ്ശബ്ദ നിലവിളികൾ, വിഷയ സ്വീകരണത്തിലേയും അവതരണത്തിലേയും പുതുമ തുടങ്ങിയവ മറ്റ് എഴുത്തുകളിൽ നിന്നും സമ അന്തരമല്ല സമാന്തരത്തിന് എന്ന്  സംശയലേശമന്യേ വിളിച്ചു പറയുന്നുണ്ട്

പ്രിയപ്പെട്ട മനോജ്,
അനുഭവങ്ങളുടെ ഈ പകർപ്പിന് ആത്മജ്വാലയുടെ സൂര്യശോഭ കൈവന്നിരിക്കുന്നു.

        ഇഷ്ടത്തോടെ
        എൻ.ആർ.സുരേഷ് അക്ഷരി





 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ