2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

മെറി ബുക്സ് / നോവൽ / സമാന്തരം

 സമാന്തരം I  നോവൽ I വായനാനുഭവം


സമാനതകളില്ലാത്ത സമാന്തരം

ബാലകൃഷ്ണൻ എടക്കയിൽ 


മെറി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് രാമത്തിൻ്റെ 'സമാന്തരം ' നോവൽ ഒറ്റയിരിപ്പിനു തന്നെ വായിച്ചു തീർത്തു.

പൊതു വിദ്യാഭ്യാസം ഇന്നത്തെ പോലെ ശക്തവും സാർവത്രികവുമല്ലാത്ത കാലം. സമാന്തര വിദ്യാലയങ്ങളായിരുന്നു നാട്ടിൻ പുറത്തെ കൗമാരക്കാരിൽ പലരുടെയും പഠനകളരി. എസ്. എസ്.എൽ.സി തോറ്റവർക്കും റഗുലർ കോളജിൽ പ്രീഡിഗ്രി പ്രവേശനം ലഭിക്കാതെ വന്നവർക്കും പാരലൽ കോളജ് അത്താണിയായി മാറി.


വിദ്യാഭ്യാസ മന:ശാസ്ത്രമറിയാത്തവരാണ് സമാന്തര സ്ഥാപനങ്ങളിലെ അധ്യാപകരെന്ന് പല കോണുകളിൽ നിന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ അനുഭവങ്ങളുടെ കടലാഴങ്ങളിൽ ആഴ്ന്നിറങ്ങിയവർക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ മന:ശാസ്ത്ര പാഠങ്ങൾ ആർജിക്കാൻ കഴിഞ്ഞിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പകിട്ടും പത്രാസ്സുമില്ലാത്ത ഇത്തരം 'സമാന്തര സർവകലാശാലകൾ ' ഒരു കാലഘട്ടത്തിൻ്റെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്നു എന്ന നഗ്നസത്യം നാം മറന്നു കൂടാ. അത്തരമൊരു സമാന്തര വിദ്യാലയമാണ് നോവലിൽ പരാമർശിക്കപ്പെടുന്ന ന്യൂ മെൻസ് കോളജ്.



നോവലിലെ കേന്ദ്ര കഥാപാത്രമായ ബാലചന്ദ്രൻ , പാരലൽ കോളജ് നടത്തി ക്കൊണ്ടു പോകുന്നതിനോടൊപ്പം സർഗാത്മക പ്രവർത്തനങ്ങളിലും മികവു തെളിയിച്ചിരുന്നു. അധ്യാപനവും അഭിനയവും സംവിധാനവുമായി നാടാകെ നിറഞ്ഞു നിന്ന അനുഗൃഹീതനായ ഒരു നാടക പ്രവർത്തകൻ.


കോളജിൽ മാസാവസാനം വീതിക്കാനുള്ളത് തുച്ഛമായ ശമ്പളവും കൂട്ടായ്മയും സ്നേഹവും കരുതലും മാത്രമായിരുന്നു. അതിൽ ആരും അതൃപ്തി രേഖപ്പെടുത്തിയില്ല. കാരണം എല്ലാം സുതാര്യമായിരുന്നു.


നാടകങ്ങളിൽ ഒന്നിച്ച് അഭിനയിച്ച ബാലചന്ദ്രനും സുധാമണിയും ഒടുവിൽ, ജീവിതപാതയിൽ സമാന്തരമായി പിരിയുന്നത് കാണുമ്പോൾ അനുവാചകൻ്റെ കണ്ണിലും നനവു പടരുന്നു.


സരളവും ഹൃദ്യവുമായ ആഖ്യാനം. വളച്ചുകെട്ടില്ലാതെ കഥ പറയുന്നു. ഒരു അധ്യായം വായിച്ചു കഴിയുമ്പോൾ അടുത്ത അധ്യായത്തിൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷ വായനക്കാരിൽ പടർത്താനുള്ള ഒരു മന്ത്രിക ശക്തി രചനയ്ക്കുള്ളതുപോലെ തോന്നി. വർണനയുടെ അതിപ്രസരമില്ല. എന്നാൽ, കാവ്യ ഭാഷയിലുള്ള മനോഹരമായ  വർണനകൾ വായനയ്ക്ക് ഒഴുക്ക് കൂട്ടുന്നു മുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ