2021, ഒക്‌ടോബർ 23, ശനിയാഴ്‌ച

മെറി ബുക്സ്

 സമാന്തരം / നോവൽ /മനോജ്‌ രാമത്ത്

വായനാനുഭവം / പി. സിന്ധു 

എൻ്റെ എൻ്റെ എന്ന് ചേർത്ത് വെച്ചവയിൽ എൻ്റെ നാടും നാട്ടുകാരും നാട്ടുഭാഷയുമൊക്കെ വരും. അതിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാണ് നാട്ടുകാരനായ എഴുത്തുകാരൻ്റെ സമാന്തരം എന്ന നോവൽ വായനക്ക് എടുത്തതും.


ചെറുവണ്ണൂർ എന്ന നാടും അവിടുത്തെ ചില പരിചയക്കാരുമൊക്കെ കഥാപാത്രങ്ങളായി മുമ്പിലെത്തിയപ്പോൾ, ഞങ്ങൾ കേട്ടു പരിചയിച്ച ഞങ്ങളുടെ നാട്ടു ഭാഷ തന്നെ അതിലെ    കഥാ പാത്രങ്ങളുടെ സംസാരഭാഷയായപ്പോൾ വലിയ സന്തോഷം തോന്നി. വീടിന് മുമ്പിലൂടെ പണ്ട് പോവാറുണ്ടായിരുന്ന സത്യസായി, എ.കെ.ബി.ടി തുടങ്ങിയ ചില ബസ്സുകളുടെ വിസ്മൃതിയിലാണ്ടുപോയ പേരുകൾ പോലും ഓർമ്മയിലെത്തിച്ചതിന് നോവലിസ്റ്റിന് നന്ദി.


2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

മെറി ബുക്സ് / നോവൽ / സമാന്തരം

 സമാന്തരം I  നോവൽ I വായനാനുഭവം


സമാനതകളില്ലാത്ത സമാന്തരം

ബാലകൃഷ്ണൻ എടക്കയിൽ 


മെറി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് രാമത്തിൻ്റെ 'സമാന്തരം ' നോവൽ ഒറ്റയിരിപ്പിനു തന്നെ വായിച്ചു തീർത്തു.

പൊതു വിദ്യാഭ്യാസം ഇന്നത്തെ പോലെ ശക്തവും സാർവത്രികവുമല്ലാത്ത കാലം. സമാന്തര വിദ്യാലയങ്ങളായിരുന്നു നാട്ടിൻ പുറത്തെ കൗമാരക്കാരിൽ പലരുടെയും പഠനകളരി. എസ്. എസ്.എൽ.സി തോറ്റവർക്കും റഗുലർ കോളജിൽ പ്രീഡിഗ്രി പ്രവേശനം ലഭിക്കാതെ വന്നവർക്കും പാരലൽ കോളജ് അത്താണിയായി മാറി.


വിദ്യാഭ്യാസ മന:ശാസ്ത്രമറിയാത്തവരാണ് സമാന്തര സ്ഥാപനങ്ങളിലെ അധ്യാപകരെന്ന് പല കോണുകളിൽ നിന്നും ആക്ഷേപമുയർന്നിരുന്നു. എന്നാൽ അനുഭവങ്ങളുടെ കടലാഴങ്ങളിൽ ആഴ്ന്നിറങ്ങിയവർക്ക് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ മന:ശാസ്ത്ര പാഠങ്ങൾ ആർജിക്കാൻ കഴിഞ്ഞിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. പകിട്ടും പത്രാസ്സുമില്ലാത്ത ഇത്തരം 'സമാന്തര സർവകലാശാലകൾ ' ഒരു കാലഘട്ടത്തിൻ്റെ വിദ്യാഭ്യാസാവശ്യങ്ങൾ നിറവേറ്റിയിരുന്നു എന്ന നഗ്നസത്യം നാം മറന്നു കൂടാ. അത്തരമൊരു സമാന്തര വിദ്യാലയമാണ് നോവലിൽ പരാമർശിക്കപ്പെടുന്ന ന്യൂ മെൻസ് കോളജ്.



നോവലിലെ കേന്ദ്ര കഥാപാത്രമായ ബാലചന്ദ്രൻ , പാരലൽ കോളജ് നടത്തി ക്കൊണ്ടു പോകുന്നതിനോടൊപ്പം സർഗാത്മക പ്രവർത്തനങ്ങളിലും മികവു തെളിയിച്ചിരുന്നു. അധ്യാപനവും അഭിനയവും സംവിധാനവുമായി നാടാകെ നിറഞ്ഞു നിന്ന അനുഗൃഹീതനായ ഒരു നാടക പ്രവർത്തകൻ.


കോളജിൽ മാസാവസാനം വീതിക്കാനുള്ളത് തുച്ഛമായ ശമ്പളവും കൂട്ടായ്മയും സ്നേഹവും കരുതലും മാത്രമായിരുന്നു. അതിൽ ആരും അതൃപ്തി രേഖപ്പെടുത്തിയില്ല. കാരണം എല്ലാം സുതാര്യമായിരുന്നു.


നാടകങ്ങളിൽ ഒന്നിച്ച് അഭിനയിച്ച ബാലചന്ദ്രനും സുധാമണിയും ഒടുവിൽ, ജീവിതപാതയിൽ സമാന്തരമായി പിരിയുന്നത് കാണുമ്പോൾ അനുവാചകൻ്റെ കണ്ണിലും നനവു പടരുന്നു.


സരളവും ഹൃദ്യവുമായ ആഖ്യാനം. വളച്ചുകെട്ടില്ലാതെ കഥ പറയുന്നു. ഒരു അധ്യായം വായിച്ചു കഴിയുമ്പോൾ അടുത്ത അധ്യായത്തിൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷ വായനക്കാരിൽ പടർത്താനുള്ള ഒരു മന്ത്രിക ശക്തി രചനയ്ക്കുള്ളതുപോലെ തോന്നി. വർണനയുടെ അതിപ്രസരമില്ല. എന്നാൽ, കാവ്യ ഭാഷയിലുള്ള മനോഹരമായ  വർണനകൾ വായനയ്ക്ക് ഒഴുക്ക് കൂട്ടുന്നു മുണ്ട്.

മെറി ബുക്സ് / നോവൽ

സമാന്തരം
മനോജ് രാമത്ത്

മെറി ബുക്സ് / പുതിയ പുസ്തകം

പാശ്ചാത്യസംഗീതം

ശ്രീവൽസൻ മാളിക്കടവ്


മെറി ബുക്സ് / എഴുത്തിടം


 

2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

മെറി ബുക്സ് / ദേശ വിശേഷങ്ങൾ / പി.എസ്സ്. പാമ്പിരികുന്ന്

 ദേശ വിശേഷങ്ങൾ / നാട്ടുപഴമ

പി. എസ്സ് . പാമ്പിരികുന്ന്

ഒരു ദേശം പ്രധാന കഥാപാത്രമായി  വരുന്ന പുസ്തകം.

കാലത്തിൻ്റെ മതിലുകളിൽ വരച്ചിട്ട ചിത്രങ്ങളാണ് ഇതിലെ കഥാപാത്രങ്ങൾ...



2021, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മെറി ബുക്സ് / നോവൽ / ബാലസാഹിത്യം

നരിക്കിലാപൊയ്ക  / നോവൽ  / ബാലസാഹിത്യം 
ബാലകൃഷ്ണൻ എടക്കയിൽ 
വര / കരുണാകരൻ പേരാമ്പ്ര 




 

മെറി ബുക്സ് / നോവൽ / സമാന്തരം / മനോജ് രാമത്ത്

'സമ''അന്തര'മല്ല സമാന്തരത്തിന്


'കഥയല്ല വാസ്തവമാണെഴുതുന്നത് ' എന്ന് വായനക്കാരന് ബോധ്യമാകുന്നിടത്താണ് ഒരെഴുത്തുകാരൻ വിജയിക്കുന്നത്.
'കാലാന്തരത്തിൽ പ്രതാപം നഷ്ടപ്പെട്ട ഒരു പാരലൽ കോളേജി'ൻ്റെ ജീവിത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സമാന്തരങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ നമ്മുടെ ധാരണകൾക്ക് അപ്പുറത്താ
ണെന്ന് വാസുവിലൂടെയും കുഞ്ഞിക്കണ്ണനിലൂടെയും സീ.ജി യിലൂടെയും മറ്റനേക സന്ദർഭങ്ങളിലൂടെയും വെളിച്ചപ്പെടുത്തിയിട്ടുണ്ട്.
വിജയിച്ചവൻ്റെ കൂടെയായിരുന്നല്ലോ ചരിത്രങ്ങൾ !ഹൈദരലിയും ടിപ്പുവും അലക്സാണ്ടറും ബാലചന്ദ്രൻ മാഷിൻ്റെ ചരിത്ര ക്ലാസുകളിൽ നിറയുമ്പോൾ, ചരിത്രം 'വിജയിച്ചവൻ്റെ കൂടെ 'യായിരുന്നു.  പരാജയപ്പെട്ടവൻ്റെ കൂടെയും ചരിത്രമുണ്ടെന്ന് 'ന്യുമെൻസ്'കോളേജ് അനുഭവങ്ങളിലൂടെ എതിർവായന നടത്തുകയാണ് സമാന്തരങ്ങളിലൂടെ മനോജ് രാമത്ത്. 
കൽപ്പറ്റമാഷ് പറഞ്ഞപോലെ 'മനോജ് രാമത്തല്ല മനോജ് 'ഗ്രാമത്ത് '
എന്നതാണ് എഴുത്തുകാരന് ഉചിതമായ പേര് .'ഇതൊരു വെറും വാക്കായല്ല എനിയ്ക്ക് തോന്നിയത് നാട്ടുഭാഷ പൂത്തിറങ്ങുന്ന ആഖ്യാന മികവിൽ നാടിൻ്റെ ഗ്രാമീണ സംസ്കൃതി എത്ര വിദഗ്ധമായാണ് എഴുത്തുകാരൻ ഒളിപ്പിച്ചു കടത്തുന്നത് ?! 'മാഷേ തെങ്ങ് കേര്യാ അതിൻ്റെ പിറ്റേന്ന് പൈശ ഞാനിങ്ങ് കൊണ്ടത്തരും' , 'ഊയി മാഷായിനും'!,'ഓനെ ഞാനുടെ ഏൽപ്പിക്യാ' തുടങ്ങിയ അനേകം സന്ദർഭങ്ങളിലൊക്കെയും നിഷ്കളങ്കത ,വിശ്വാസം, സത്യസന്ധത തുടങ്ങിയ മാനവീക മൂല്യങ്ങൾതെളിയുന്ന ഗ്രാമീണ വിശുദ്ധങ്ങളായ കഥാപാത്രങ്ങളെ നമുക്ക്  കണ്ടു മുട്ടേണ്ടി വരുന്നുണ്ട്.


ഞാറ്റുപാട്ടുണരുന്ന ഗ്രാമീണ പുലരികൾ, പെയ്ത് തോരുന്ന മഴകൾ, നിഴലുകൾ ,നിലാവുകൾ, ചൂളം വിളിക്കുന്ന കാറ്റുകൾ കഥയിൽ കഥാപാത്രങ്ങളെപ്പോലെ സാന്നിധ്യമറിയിക്കുന്നുണ്ട്.

 .'ഓടിവീണ 'ജീവിതത്തിനെ സഹാനുഭൂതിയോടെ കാണുന്ന ബാലചന്ദ്രനേയും വാസുവിനേയും സുധാമണിയേയും തുമ്പപ്പൂവിൻ്റെ വെൺമയോടും തുളസിച്ചെടിയുടെ നന്മയോടുമല്ലാതെ മറ്റെന്തിനോടാണ് താരതമ്യം ചെയ്യുക? വിവിധങ്ങളായ ശബ്ദങ്ങളെ ഏകോപിപ്പിക്കുകയല്ല ഉത്പാദിപ്പിക്കുകയാണ് നോവലിലുടനീളം. തോറ്റവരിലുടെ ചേർന്ന് കിട്ടിയ അനുഭവങ്ങളും അറിവും ആണ് ജീവിതത്തിൽ എനിക്ക് കിട്ടിയ ഊർജം എന്ന് പറയുന്ന ബസ് ജീവനക്കാരനായ പുർവ്വ വിദ്യാർത്ഥി ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ഏൽപ്പിക്കുന്ന പൊതി തുറന്നപ്പോൾ മനസ്സ് /കണ്ണ് നിറയുന്നത് ബാലചന്ദ്രന് മാത്രമല്ല. 
  സ്നേഹം മറക്കാനുള്ളതല്ല ഓർക്കാനും ഓർത്ത് വേദനിക്കാനുമുള്ളതാണെന്ന പാരമ്പര്യ സങ്കൽപ്പത്തെ തൻ്റെ ജീവിതാവസ്ഥയിലൂടെ ഉന്മൂലനം ചെയ്യുന്ന വാസു,
അനുഭവത്തിൻ്റെ ഉമിത്തീയിൽ ഉരുകിയൊലിച്ച് തീക്ഷണ സ്വരൂപം പ്രാപിക്കുന്നത് നമുക്ക് കാണാം.

വരികളെ അമ്പരിപ്പിക്കുന്ന സത്യസന്ധത, കരൾ പിളരുന്ന വാക്കിൻ്റെ അടക്കിയൊതുക്കിയ നിശ്ശബ്ദ നിലവിളികൾ, വിഷയ സ്വീകരണത്തിലേയും അവതരണത്തിലേയും പുതുമ തുടങ്ങിയവ മറ്റ് എഴുത്തുകളിൽ നിന്നും സമ അന്തരമല്ല സമാന്തരത്തിന് എന്ന്  സംശയലേശമന്യേ വിളിച്ചു പറയുന്നുണ്ട്

പ്രിയപ്പെട്ട മനോജ്,
അനുഭവങ്ങളുടെ ഈ പകർപ്പിന് ആത്മജ്വാലയുടെ സൂര്യശോഭ കൈവന്നിരിക്കുന്നു.

        ഇഷ്ടത്തോടെ
        എൻ.ആർ.സുരേഷ് അക്ഷരി





 

മെറി ബുക്സ് / എഴുത്തിടം

രാധാകൃഷ്ണൻ എടച്ചേരിയുടെ കവിത / രൂപാന്തരം